Saturday 5 December 2020

മരുഭൂമിയില്‍ വസന്തം - സുവിശേഷ കവിതകള്‍ Part-1

മരുഭൂമിയില്‍ വസന്തം - സുവിശേഷ കവിതകള്‍ Part-1
(ലൂക്ക സുവിശേഷം)

യൂദയാ നാട്ടിലെ ജനപഥങ്ങള്‍ക്ക്മേല്‍
ഹേറോദേസധിപനായ് വാണകാലം,
അബിയാഗണത്തില്‍ പുരോഹിതനായ്
സഖറിയ എന്നൊരുവൻ വാണിരുന്നു.

അഹറോന്റെ പുത്രി എലിസബത്തവനുടെ
സഖിയായി തുണയായി വാണിരുന്നു,
ദൈവീക സ്നേഹമാ ദമ്പതികള്‍ക്കുമേല്‍
നന്മയായെന്നും നിഴലിച്ചിരുന്നു..

വന്ധ്യ എലിസബത്തെങ്കിലുമിരുവരും
പ്രാര്‍ത്ഥിച്ചു വ്രതമേറ്റ് കാത്തിരുന്നു,
വന്ധ്യതയില്ലാത്ത മോഹവുമായവര്‍
താരാട്ടു പാടാന്‍ കൊതിച്ചിരുന്നു.

കാലം കടന്നുപോയ് മോഹസുമങ്ങളും വാടിക്കരിഞ്ഞു കൊഴിഞ്ഞു പോയി,
വൃദ്ധരാം ദമ്പതിമാരന്നവമതി
കേള്‍ക്കാതൊഴിഞ്ഞു വസിച്ചകാലം 

ധൂപാര്‍പ്പണത്തിന് കുറിവീണനാളതിൽ 
സഖറിയാ വന്നുവാലയത്തിൽ 
പീഢത്തിന്നരുകില്‍ മാലാഖയെക്ക-
കണ്ടൊരു ഞൊടി അന്ധിച്ചിരുന്നുപോയി.

ഭയക്കേണ്ട ഞാൻ  ദൈവദൂതന്‍ നിനക്കി-
ന്നാനന്ദമേകുന്ന വാര്‍ത്ത നല്കാം..
നിന്നവമതിയാകെ നീക്കുവാൻ കര്‍ത്താ-
രാണ്കുഞ്ഞിനെയുടന്‍ നല്കിടുമേ.

യോഹന്നാനെന്നു പേരിടേണം അവന്‍
യാഹവതന്‍ പ്രിയ ദാസനാകും...
അമ്മതന്നുദരത്തില്‍ പരിശുദ്ധാത്മാവിനാല്‍
അഭിഷിക്തനായവന്‍ ആനന്ദിക്കും.

കര്‍ത്താവിന്‍ സന്നിധേ തന്‍ ജനത്തെ
ചേര്‍ത്തണച്ചീടും പ്രവാചകനായ്
നിന്‍ സുതനഖിലര്‍ക്കുമാനന്ദമായ് കര്‍തൃ
ദാസനായ് ജീവിതം കാഴ്ചവയ്ക്കും.

ആശങ്ക പൂണ്ടുടന്‍ സഖറിയ ദൈവ-
ദൂതനേടാരാഞ്ഞു സംശയത്താല്‍
പ്രായം കഴിഞ്ഞവര്‍ ഞങ്ങളല്ലോ പി -
ന്നെങ്ങനെ ഇവയൊക്കെ സംഭവിക്കും.

കോപിച്ചു ഗബ്രിയേല്‍ ദൂതനപ്പോള്‍
ശാപം ചൊരിഞ്ഞാ പുരോഹിതന്മേല്‍
ഈ കര്‍ത്തൃവാകൃത്തിന്‍ പൂര്‍ത്തിയോളം
പൊങ്ങില്ല നിന്‍ നാവൊന്നുരിയാടുവാന്‍

ദേവാലയത്തിന്‍ കവാടത്തിലായ്
കാത്തവര്‍ നന്നായ് അതിശയിച്ചു
മൂകനായ് തീര്‍ന്നവനെന്നറിഞ്ഞുവതിന്‍
കാരണമോരോന്ന് ചൊല്ലിടുന്നു

ശശ്രൂഷതന്‍ കാലം പൂര്‍ത്തിയാക്കി സ്വ-
ഭവനത്തില്‍ വന്നവന്‍ പാര്‍ത്തീടവേ
വൈകാതെലിസബത്തമ്മയാകാന്‍
പോകുന്നുവെന്നറിഞ്ഞാനന്ദിച്ചു.

അപമാനമാം തന്റെ വന്ധ്യതയെ
നീക്കിയ കര്‍ത്താവിനര്‍ച്ചനയായ്
എലിസബത്തമ്മതന്‍ പ്രിയസൂനുവെ
കര്‍ത്താവനിര്‍പ്പണം ചെയ്തുവല്ലൊ.

0 comments:

Post a Comment